കുറവിലങ്ങാട്: തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കാനായി അതിഥി തൊഴിലാളികൾ നാടുവിട്ടതോടെ നിർമാണ മേഖല പ്രതിസന്ധിയിലായി. തെരഞ്ഞെടുപ്പിന് പിന്നാലെ ബക്രീദിനുകൂടി നാട്ടിൽ തങ്ങുന്നതിനാൽ അതിഥി തൊഴിലാളികളുടെ അഭാവം നിർമാണ മേഖലയെ സ്തംഭിപ്പിച്ചു.
വീട് നിർമാണമടക്കം കരാർ എടുത്തവർ യഥാസമയം പണിപൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്. ആസാം, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളാണ് വോട്ടവകാശം വിനിയോഗിക്കാൻ നാട്ടിലേക്ക് പോയത്. ബക്രീദ് കഴിയുന്നതോടെ ഇവർ തിരികെ എത്തുമെന്ന പ്രതീക്ഷയിലാണ് കരാറുകാരും നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നവരും.
പാചകവാതകക്ഷാമവും തൊഴിലാളികളുടെ മടങ്ങിവരവിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഇവർ നാട്ടിൽ തിരികെ എത്തിയാൽ ഭക്ഷണം പാകം ചെയ്യാൻ സൗകര്യം ക്രമപ്പെടുത്തി കൊടുക്കാൻ കഴിയാത്തതിന്റെ പ്രതിസന്ധിയും കരാറുകാർ നേരിടുന്നു.
പാചകവാതക വില വർധനവും ഇതിലൂടെ ഹോട്ടലുകൾ വരുത്തിയ നിരക്ക് വർധനവും കണക്കിലെടുത്ത് കൂലി വർധിപ്പിക്കണമെന്ന ആവശ്യവും അതിഥി തൊഴിലാളികൾ ഉന്നയിച്ചു കഴിഞ്ഞു. മുൻപ് നൽകിയിരുന്ന പണിക്കൂലി അടിസ്ഥാനമാക്കി കരാറെടുത്ത നിർമാണ പ്രവർത്തനങ്ങൾ തൊഴിലാളികൾക്ക് കൂലി കൂട്ടിനൽകേണ്ടിവന്നാൽ വലിയ നഷ്ടത്തിൽ എത്തും എന്നതും കരാറുകാരെ ഏറെ ബുദ്ധിമുട്ടിക്കുന്നു.
നിർമാണ മേഖലയിൽ മാത്രമായിരുന്ന അതിഥി തൊഴിലാളികൾ ഹോട്ടൽ, കാർഷിക മേഖലയിലും സാന്നിധ്യം അറിയിച്ചതോടെ അവരുടെ അഭാവം ഈ മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. കൂലി വർധിപ്പിക്കാം എന്ന് ഉറപ്പു നൽകിയാൽ മാത്രമേ തിരികെയെത്തുകയുള്ളൂവെന്ന നിലപാടും ചില തൊഴിലാളികൾ എടുത്തിട്ടുണ്ട്. ഇതും ഇവരുടെ മടങ്ങിവരവിനെ ബാധിക്കും.
പശ്ചിമബംഗാളിൽ ഉണ്ടായിട്ടുള്ള ഭരണമാറ്റം തൊഴിലാളികളുടെ വരവിനെ എങ്ങനെ സ്വാധീനിക്കും എന്നതും കണ്ടറിയേണ്ടിയിരിക്കുന്നു.
ഭൂരിപക്ഷം അതിഥി തൊഴിലാളികളും നാടുവിട്ടതോടെ ഇപ്പോൾ നാട്ടിലുള്ളവർ കൂലിവർധന ആവശ്യപ്പെട്ടിട്ടുള്ളത് പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്. 1200 രൂപ വരെയാണ് മേസ്തിരിക്ക് മുമ്പ് നൽകിയിരുന്നത്. ഇപ്പോൾ ജോലിക്ക് എത്തണമെങ്കിൽ 1500 രൂപ വേണമെന്ന ആവശ്യം തൊഴിലാളികൾ ഉന്നയിച്ചുകഴിഞ്ഞു. നാട്ടിലുള്ളവർക്ക് ഇത്രയും കൂലി നൽകുന്നില്ലെങ്കിലും തേപ്പ് അടക്കമുള്ള പ്രവർത്തനങ്ങൾക്ക് അതിഥി തൊഴിലാളികളെ പൂർണമായി ആശ്രയിക്കുന്നതിനാൽ കൂലി കൂടുതൽ നൽകിയും പ്രവൃത്തി നടത്താൻ കരാറുകാർ നിർബന്ധിതരാവുകയാണ്.